ഡൊണാൾഡ് ട്രമ്പിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം 'ട്രൂത്ത് സോഷ്യൽ' അടുത്ത മാസം ലോഞ്ച് ചെയ്യും
അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് രൂപം കൊടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്രൂത്ത് സോഷ്യൽ അടുത്തമാസം മുതൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ടുകൾ.
2021 ഒക്ടോബറിലാണ് ട്രമ്പ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് രൂപം കൊടുക്കുന്നതായി പ്രഖ്യാപിച്ചത്. 'ട്രൂത്ത് സോഷ്യൽ' എന്ന പേരും പുറത്തുവിട്ടു. നുണ പ്രചാരണത്തിൻ്റെ പേരിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ട്രമ്പിന് വിലക്ക് കൽപ്പിച്ചിരുന്നു. അതോടെയാണ് സ്വന്തമായി ഒരു സോഷ്യൽ നെറ്റ് വർക്കിങ്ങ് കമ്പനി തന്നെ രൂപീകരിച്ചാലോ എന്ന ചിന്തയിലേക്ക് ശതകോടീശ്വരനായ ട്രമ്പ് എത്തുന്നത്.
ട്രമ്പ് മീഡിയ ആൻ്റ് ടെക്നോളജി ഗ്രൂപ്പിന് (ടിഎംടിജി) കീഴിലാണ് ട്രൂത്ത് സോഷ്യൽ പ്രവർത്തിക്കുന്നത്. യൂട്യൂബ് മോഡൽ വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്ഫോം രൂപീകരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. വൻകിട ടെക്നോളജി കമ്പനികളുടെ സമഗ്രാധിപത്യത്തിനെതിരെയുള്ള ചുവടുവെപ്പാണ് ട്രൂത്ത് സോഷ്യൽ നടത്തുന്നതെന്നാണ് ട്രമ്പിൻ്റെ അവകാശവാദം. അമേരിക്കയുടെ മുൻ പ്രസിഡൻ്റിന് പോലും ശബ്ദമില്ലാത്ത ട്വിറ്ററിൽ താലിബാൻ്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ട്രമ്പ് ആരോപിച്ചിരുന്നു.
ആപ്പിന്റെ പുറത്തുവരുന്ന ചിത്രങ്ങൾ പ്രകാരം മൈക്രോ ബ്ലോഗിങ്ങ് സോഷ്യൽ നെറ്റ്‌വർക്കായ ട്വിറ്ററിന്റെ ക്ലോൺ പോലെയാണ് ട്രൂത്ത് സോഷ്യൽ കാണപ്പെടുന്നത്.