അനധികൃത ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ലോൺ എടുക്കരുത്; മുഖ്യമന്ത്രി
മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള തട്ടിപ്പുകളെ സൂക്ഷിക്കണമെന്നും ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി വായ്പ എടുത്ത് ചതിയിൽ വീഴുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.വി.ജോയിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. "ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് അടിയന്തിര ആവശ്യമാണ്. ധാരാളം ആളുകൾ വലിയ തോതിൽ തട്ടിപ്പിന് ഇരയാകുന്നു." അദ്ദേഹം പറഞ്ഞു. വായ്പ കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങുന്ന നിലപാട് പലരും സ്വീകരിക്കുന്നുണ്ട്. അത്തരം മാനസികാവസ്ഥയുള്ളവർ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുന്നുവെന്നാണ് അഡ്വ. വി.ജോയി ഇവിടെ ചൂണ്ടിക്കാട്ടിയത്. ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്‌സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. മണി ലെന്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചശേഷം 30 ശതമാനത്തോളം തുക പ്രോസസ്സിംഗ് ഫീസായി ഈടാക്കി ഒരാഴ്ച കാലാവധിക്ക് ചെറിയ തുകകള്‍ വായ്പയായി നല്‍കും. തിരിച്ചടവില്‍ വീഴ്ചയുണ്ടായാൽ നിരന്തരം ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് വായ്പാ കമ്പനികള്‍ നടത്തിവരുന്നത്.