പൊതുപണം കട്ട് സുഖമായി ജീവിക്കാമെന്ന് കരുതണ്ട; സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. പൊതുപണം മോഷ്ടിച്ച് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കായുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ ഏത് വിധേനയും ലാഭമുണ്ടാക്കാമെന്ന് ചിലർ കരുതുന്നു, കളങ്കമുണ്ടാക്കുന്നവരെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. ഉത്തരവാദിത്തം നിറവേറ്റാത്തവർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് സി.എം.ഡി.ആർ.എഫുമായി ബന്ധപ്പെട്ട തട്ടിപ്പ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്. എന്നാൽ സി.എം.ഡി.ആർ.എഫിന്റെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.