അമ്മാടം സെന്റ് ആന്റണീസ് എച്ച് എസ് സ്കൂളിൽ 'ഡോർ ഓഫ് ചാരിറ്റി'
കൊവിഡ് പ്രതിസന്ധി കാലത്ത് കുട്ടികൾ പരസ്പരം കൈത്താങ്ങാവുന്ന ഡോർ ഓഫ് ചാരിറ്റി പദ്ധതിക്ക് അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. കോവിഡ് അതിജീവിച്ച് വിദ്യാലയത്തിൽ എത്തുന്ന പല വിദ്യാർത്ഥികൾക്കും അവരുടെ അളവിലുള്ള യൂണിഫോം ഇല്ലെന്ന സ്ഥിതി മുൻകൂട്ടി തിരിച്ചറിഞ്ഞ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.
കുട്ടികൾ തന്നെ മറ്റു കുട്ടികൾക്ക് കൈത്താങ്ങ് ആവുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതുമ നഷ്ടപ്പെടാത്തതും അധികം പഴക്കം ഇല്ലാത്തതുമായ യൂണിഫോമുകളും മറ്റ് വസ്ത്രങ്ങളും കഴുകി ഇസ്തിരിയിട്ട് രക്ഷിതാക്കൾ പ്രവേശനോത്സവത്തിന് 20 ദിവസം മുൻപ് സ്കൂളിൽ എത്തിച്ചു. ഇവ സാനിറ്റൈസേഷനും ഫോഗിങ്ങും നടത്തി അണുവിമുക്തമാക്കിയ ശേഷം സ്കൂളിൽ ഒരുക്കിയ ഡോർ ഓഫ് ചാരിറ്റി എന്ന മുറിയിൽ ക്രമീകരിച്ചു. രണ്ട് ക്ലാസ് മുറികളിലായാണ് വസ്ത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഒന്നിൽ യൂണിഫോമും മറ്റൊന്നിൽ നിറമുള്ള വസ്ത്രങ്ങളും. വസ്ത്രങ്ങൾ ആവശ്യമുള്ള ഏതു കുട്ടിക്കും തങ്ങളുടെ അളവിന് യോജിച്ച വസ്ത്രങ്ങൾ ഇവിടെ നിന്നും എടുത്തു കൊണ്ട് പോകാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ ഇവിടെ ആരുമില്ല എന്നത് പദ്ധതിയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. അധ്യാപകരായ റോസ് പോൾ, എ കെ സിനി, ജിൻസി ജോസഫ് എന്നിവരാണ് പ്രധാന അധ്യാപകൻ സ്റ്റൈനി ചാക്കോയുടെ മേൽനോട്ടത്തിൽ ഡോർ ഓഫ് ചാരിറ്റിക്ക് നേതൃത്വം നൽകുന്നത്.