വീട്ടുപടിക്കൽ വാക്സിൻ എത്തിക്കണമെന്ന് പ്രധാനമന്ത്രി; എല്ലാ വീട്ടിലും വാക്സിൻ, ഡോർ-റ്റു-ഡോർ വാക്സിൻ എന്ന മുദ്രാവാക്യം മുഴങ്ങണം

വീട്ടുപടിക്കൽ വാക്സിൻ എത്തിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വീട്ടിലും വാക്സിൻ, ഡോർ-റ്റു-ഡോർ വാക്സിൻ എന്ന മുദ്രാവാക്യമാണ് മുഴങ്ങേണ്ടതെന്ന് മോദി പറഞ്ഞു. രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഈ ആശയം എത്തിച്ചേരണം. 25 പേരുള്ള സംഘങ്ങൾ ഇതിനായി രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രണ്ടാം ഡോസിന് അർഹിക്കുന്ന പ്രാധാന്യം നൽകണം. വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ മത നേതാക്കളുടെയും എൻ സി സി, എൻ എസ് എസ് പോലുള്ള സംഘടനകളുടെയും സഹായം തേടണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

മഹാരാഷ്ട്ര ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വാക്സിൻ വീട്ടുപടിക്കൽ എത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രായമായവരുടെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ പ്രയാസം അനുഭവിക്കുന്നവരുടെയും അവസ്ഥ കണക്കിലെടുത്താണ് സംസ്ഥാനങ്ങൾ അത്തരം ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.

അമ്പത് ശതമാനത്തിൽ താഴെ മാത്രം വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഡോർ-റ്റു-ഡോർ വാക്സിനേഷൻ എന്ന നിർദേശം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ഓളം ജില്ലകളിൽ നിന്നുള്ള മജിസ്ട്രേറ്റുമാരും സംസ്ഥാന മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

Related Posts