ഹിൻഡൻബർഗ് റിപ്പോർട്ട്; ഡോർസിയുടെ ആസ്തി ഒറ്റ ദിവസം കൊണ്ട് കുത്തനെ ഇടിഞ്ഞു

വാഷിങ്ടൻ: അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടിനെ തുടർന്ന് ബ്ലോക്ക് ഇൻക് സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ആസ്തി ഇടിഞ്ഞു. വ്യാഴാഴ്ച മാത്രം ഡോർസിയുടെ ആസ്തി 526 മില്യൺ ഡോളറാണ് ഇടിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഒറ്റ ദിവസം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം അദ്ദേഹത്തിന്‍റെ ആസ്തി ഇപ്പോൾ 11 ശതമാനം ഇടിഞ്ഞ് 4.4 ബില്യൺ ഡോളറാണ്. ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചെന്നായിരുന്നു വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ഹിൻഡൻബർഗ് ബ്ലോക്ക് ഇൻകിനെതിരെ പറഞ്ഞത്. എന്നാൽ ആരോപണം കമ്പനി നിഷേധിച്ചിരുന്നു. ട്വിറ്ററിന്‍റെ സഹസ്ഥാപകൻ കൂടിയായ ഡോർസിയുടെ വ്യക്തിഗത സമ്പത്തിന്‍റെ ഭൂരിഭാഗവും ബ്ലോക്കിലാണ്. ഓഹരി വില പെരുപ്പിച്ച് കാട്ടുന്നുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ നേരത്തെ കുത്തനെ ഇടിഞ്ഞിരുന്നു.

Related Posts