ഡബിൾ സെഞ്ചുറി; നൂറാം ടെസ്റ്റിൽ ചരിത്ര നേട്ടവുമായി ഡേവിഡ് വാർണർ
തന്‍റെ നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ ബാറ്റ്സ്മാനായി ഡേവിഡ് വാർണർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് വാർണർ ഇരട്ട സെഞ്ചുറി നേടിയത്. ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 189 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിലായിരുന്നു വാർണറുടെ ഉജ്ജ്വല പ്രകടനം. 254 പന്തിൽ 16 ബൗണ്ടറികളും രണ്ട് സിക്സുമടക്കമാണ് വാർണർ ഡബിൾസെഞ്ചുറി നേടിയത്. ബൗണ്ടറിയിലൂടെയാണ് വാർണർ തന്‍റെ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. പിന്നാലെ പരിക്കിനെ തുടർന്ന് വാർണർ കളിക്കളം വിടുകയായിരുന്നു. വാർണർ മടങ്ങിയപ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് എന്ന നിലയിലായിരുന്നു. സ്റ്റീവ് സ്മിത്തുമായുള്ള വാർണറുടെ പങ്കാളിത്തം മത്സരത്തിൽ ഓസ്ട്രേലിയക്ക് നിർണായകമായിരുന്നു. ഇരുവരും ചേർന്ന് 239 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മിത്ത് 85 റൺസ് എടുത്ത് പുറത്തായി.