പുത്തൂരിലെ ഇരട്ട എം എൻ ലക്ഷം വീടുകൾ ഇനി ഒറ്റ വീടുകളാകും

എം എൻ ലക്ഷം വീട് പദ്ധതിയുടെ ഇരട്ട വീട് ഒറ്റ വീടാക്കൽ പദ്ധതിയുടെ പുത്തൂർ പഞ്ചായത്തുതല ഉദ്ഘാടനം മരത്താക്കര എം എൻ ലക്ഷം വീട് കോളനി പരിസരത്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. എം എൻ ലക്ഷം വീട് കോളനികളുടെ പുനരുദ്ധാരണം ഭവനനിർമ്മാണത്തിൽ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുന്ന ചരിത്രനിമിഷമാണെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് മന്ത്രി കെ രാജൻ പറഞ്ഞു. ഇതിലൂടെ ഭവനവകുപ്പിന് പുതിയ മുഖം കൈവരിക്കാൻ കഴിയും. സംസ്ഥാനത്ത് ഭവനനയം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

പ്രളയക്കെടുതിയിൽ നശിച്ച ലക്ഷം വീടുകളുടെ പുനരുദ്ധാരണം അത്യന്താപേക്ഷിതമായിരുന്നു. പുത്തൂർ ഗ്രാമപഞ്ചായത്തിലെ 39 പുതിയ വീടുകളുടെ നിർമാണ ഉദ്ഘാടനമാണ് നടന്നത്. നാലു ലക്ഷം രൂപയ്ക്ക് 400 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനങ്ങളാകും നിർമ്മിക്കുക.

സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ അധ്യക്ഷനായി. ഹൗസിംഗ് കമ്മീഷണർ ആൻഡ് സെക്രട്ടറി ഡോ. വിനീത് ഗോയൽ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അംഗം ഗീതാ ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി കൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഭവന നിർമ്മാണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts