ദളിത് ജീവിതം ചിത്രീകരിക്കുന്നതിൽ തമിഴനെ കണ്ടുപഠിക്കണമെന്ന് അലമുറയിടുന്നവർ മലയാള സിനിമയുടെ ചരിത്രമെങ്കിലും മിനിമം പഠിക്കണമെന്ന് ഡോ. ബിജു

ദളിത് വിഷയങ്ങൾ ആസ്പദമാക്കിയുള്ള മികച്ച സിനിമകൾ മലയാളത്തിലും ഇറങ്ങുന്നുണ്ടെങ്കിലും അവ പൂർണമായി തഴയപ്പെടുകയും തമസ്കരിക്കപ്പെടുകയുമാണെന്ന് പ്രശസ്ത സംവിധായകൻ ഡോ. ബിജു. മലയാളത്തിൽ ദളിത് ജീവിതം പറയുന്ന മികച്ച സിനിമകൾ ഉണ്ടാകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ പോലും അവ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ മലയാളികൾ അവ കണ്ടില്ലെന്ന് നടിക്കുകയാണ്. ദളിത് ജീവിതം ചിത്രീകരിക്കുന്നതിൽ മലയാള സിനിമാക്കാർ തമിഴ് സിനിമയെ കണ്ടുപഠിക്കണം എന്നൊക്കെ അലമുറയിടുന്നവർ മിനിമം മലയാള സിനിമയുടെ ചരിത്രമെങ്കിലും പഠിക്കാൻ ശ്രമിക്കണമെന്നും സംവിധായകൻ പറഞ്ഞു.

ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ ഉണ്ടാകുന്നില്ല എന്നതല്ല യാഥാർഥ്യം. മറിച്ച് അത്തരം സിനിമകൾ മലയാളി കാണാതെ പോകുന്നു എന്നതാണ്. കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ തൻ്റെ 'വെയിൽമരങ്ങൾ' എന്ന ചിത്രം റിലീസ് ചെയ്തെങ്കിലും കേരളത്തിൽ ആയിരുന്നു ഏറ്റവും കുറച്ചുകാണികൾ തിയേറ്ററിൽ എത്തിയതെന്ന് ഡോ. ബിജു പറഞ്ഞു.

രണ്ടുവർഷം കഴിഞ്ഞിട്ടും മലയാളത്തിലെ ടെലിവിഷൻ ചാനലുകളൊന്നും വെയിൽമരങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല. സ്ഥിരം നിരൂപകന്മാരിൽ ഭൂരിപക്ഷവും സിനിമയെപ്പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറി ആദ്യറൗണ്ടിൽത്തന്നെ ചിത്രം പുറന്തള്ളി. അവസാന 25 സിനിമകളിൽ പെടാൻ പോലും അർഹതയില്ല എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.

അടിമുടി ദളിത് പരിപ്രേക്ഷ്യത്തിൽ ഉള്ള ചിത്രമാണ് വെയിൽമരങ്ങളെന്ന് ഡോ. ബിജു പറഞ്ഞു. കേരളത്തിൽ പൂർണമായും തഴയപ്പെട്ട സിനിമയുടെ ആദ്യപ്രദർശനം ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ആയിരുന്നു. മികച്ച ആർടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗൊബ്ലറ്റ് പുരസ്കാരം ലഭിച്ചതിലൂടെ ഷാങ്ഹായ് മേളയിൽ മത്സര വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ചിത്രം മാറി. ലോകത്തെ മാസ്റ്റർ സംവിധായകരിൽ ഒരാൾ ആയ നൂറി ബിൽഗേ സെയ്‌ലാൻ ആയിരുന്നു ജൂറി ചെയർമാൻ. അനേകം അന്താരാഷ്‌ട്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. സിംഗപ്പൂർ ചലച്ചിത്ര മേളയിൽ ഇന്ദ്രൻസിന് മികച്ച നടൻ ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചു. ദളിത് ജീവിതം സംസാരിക്കുന്ന, കേരളം പുറന്തള്ളിയ തൻ്റെ സിനിമ ഇപ്പോഴും നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഡോ. ബിജു ഓർമിപ്പിച്ചു.

ലോകത്തെ പ്രമുഖ സിനിമാ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ ഹോളിവുഡ് റിപ്പോർട്ടറിൽ വെയിൽമരങ്ങളെപ്പറ്റി വന്ന റിവ്യൂ പങ്കുവെച്ചു കൊണ്ടാണ് ഡോ. ബിജുവിൻ്റെ വിമർശനം. ജയൻ ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ', സനൽകുമാർ ശശിധരൻ്റെ 'ഒഴിവുദിവസത്തെ കളി', ഷാനവാസ് നരണിപ്പുഴയുടെ 'കരി' , സജി പാലമേലിന്റെ 'ആറടി', ജീവ കെ ജെ യുടെ 'റിക്ടർ സ്കെയിൽ', പ്രതാപ് ജോസഫിന്റെ 'ഒരു രാത്രി ഒരു പകൽ', തൻ്റെ തന്നെ 'കാട് പൂക്കുന്ന നേരം', 'പേരറിയാത്തവർ' തുടങ്ങി നിരവധി ചിത്രങ്ങളെപ്പറ്റി പേരെടുത്ത് പറഞ്ഞാണ് സംവിധായകൻ്റെ വിമർശനം.

Related Posts