ഡോ.കെ.ജെ.റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു
തിരുവനന്തപുരം : ഡോ.കെ.ജെ. റീനയെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറാണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും, നിയമവകുപ്പ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും അംഗങ്ങളായ സെലക്ഷൻ കമ്മിറ്റി സർക്കാർ രൂപീകരിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ.കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചത്. ഇന്ത്യയിലെ ആദ്യ കൊവിഡ് തൃശ്ശൂരിൽ സ്ഥിരീകരിച്ചപ്പോൾ തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്നു ഡോ.കെ.ജെ. റീന. പൊതുജനാരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായും റീന ചുമതല വഹിച്ചിട്ടുണ്ട്. ആർ എൽ സരിത ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ ആരോഗ്യവകുപ്പ് സ്ഥിരം ഡയറക്ടറെ നിയമിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വലിയ തോതിലുള്ള പരാതി ഉയർന്നപ്പോഴാണ് റീനയെ പുതിയ ഡയറക്ടറായി നിയമിച്ചത്.