‘അന്ന് ഉറങ്ങിപ്പോയതല്ല; എന്തെങ്കിലും അപകടമുണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയും'’
കൊച്ചി: ‘അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണ്’ എന്ന് എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ്. 'കളക്ടർ ഉറങ്ങിപ്പോയതുകൊണ്ടാണോ വൈകി അവധി പ്രഖ്യാപിച്ചത്?' ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഉന്നയിച്ചവർക്കായിരുന്നു മറുപടി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെയാണ് അന്ന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോഴുള്ള കളക്ടറുടെ വിശദീകരണം. "അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് തിരികെ പറയുമായിരുന്നു. അന്നത്തെ തീരുമാനത്തെക്കുറിച്ച് എനിക്ക് 100 ശതമാനം ബോധ്യമുണ്ട്, ഒരു തെറ്റും സംഭവിച്ചിട്ടില്ല," അവർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികൾ സ്കൂളുകളിലേക്കു പോയതിനു ശേഷം കലക്ടർ അവധി പ്രഖ്യാപിച്ച സംഭവം. ഇത് പൊതുജനങ്ങളിൽനിന്നു രൂക്ഷമായ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ചിരുന്നു. പിന്നീട് മാധ്യമങ്ങൾ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.