ദിവസവും ചായ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പെക്കിങ്ങ് സർവകലാശാല പഠനം

ചായ കുടിയന്മാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. നിത്യേന ചായ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പെക്കിങ്ങ് സർവകലാശാല നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്. സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സൃഷ്ടിപരമായ ജോലികൾക്കും ചായ വളരെ നല്ലതാണെന്നാണ് പഠനം പറയുന്നത്.

ചായ കുടിക്കുന്നതു വഴി 'കൺവർജന്റ് ചിന്ത' വർധിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് യൂണിവേഴ്സിറ്റിയിൽ നടന്നത്. ഒരു പ്രശ്നപരിഹാരത്തിൽ എത്തിച്ചേരാൻ, നന്നായി നിർവചിക്കപ്പെട്ട ഒരു കൂട്ടം നിയമങ്ങളും യുക്തിപൂർവമുള്ള ചിന്താപദ്ധതിയും ഉപയോഗപ്പെടുത്തുന്ന രീതിയാണിത്.

ചായയ്ക്ക് ഒട്ടേറെ പ്രയോജനങ്ങൾ ഉണ്ടെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. ആയുസ്സ് കൂട്ടുന്നതിനു പുറമേ, വൈജ്ഞാനികമായ നിരവധി ആനുകൂല്യങ്ങൾക്കും ചായ പ്രയോജനകരമാണ്. ചൈനയിലെ പെക്കിങ്ങ് സർവകലാശാലയിലെ മന:ശാസ്ത്രജ്ഞനായ ഡോ. ലീ വാങ്ങും സഹപ്രവർത്തകരും ചേർന്നാണ് ഗവേഷണം നടത്തിയത്.

ക്ഷീണം അകറ്റി നിർത്തി ഒരു ജോലി നിരന്തരമായി ചെയ്തുകൊണ്ടിരിക്കാൻ ചായ സഹായിക്കുന്നു. വല്ലപ്പോഴും ചായ കുടിക്കുന്നവരെ അപേക്ഷിച്ച് ചായകുടി ശീലമാക്കിയവർക്ക് കൂടുതൽ വൈജ്ഞാനിക ഗുണങ്ങൾ ലഭിക്കുന്നുണ്ട്. വെള്ളം കൊടുത്തും ചായ കൊടുത്തുമുള്ള നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്.

ഉയർന്ന തലത്തിലുള്ള സങ്കീർണവും സൃഷ്ടിപരവുമായ ജോലി നിർവഹിക്കുമ്പോൾ ചായ കുടിക്കുന്നവർ വെള്ളം കുടിക്കുന്നവരേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഗവേഷകർ കണ്ടെത്തി.

Related Posts