പത്മഭൂഷൺ ഡോ. പി കെ വാര്യരുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം അനുശോചനം രേഖപ്പെടുത്തി
ആയുർവേദത്തിൻ്റെ പരമാചാര്യൻ പത്മഭൂഷൺ ഡോ. പി കെ വാര്യരുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണനും ഭരണസമിതിയംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും ദു:ഖം രേഖപ്പെടുത്തി. ആയുർവേദ ചികിത്സാ പദ്ധതിയെ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തിയ മഹാമനീഷിയാണ് പി കെ വാര്യർ. എല്ലാ രംഗകലകളെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം കലാമണ്ഡലത്തിൻ്റെ സന്തതസഹചാരി കൂടിയായിരുന്നു എന്ന് കലാമണ്ഡലം അധികൃതർ അനുസ്മരിച്ചു. കേരള കലാമണ്ഡലവുമായി അഭേദ്യമായ ആത്മബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ വേർപാടിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്കും കുടുംബത്തിനുമൊപ്പം കലാമണ്ഡലവും തീരാവ്യസനത്തോടെ പങ്കു ചേരുന്നുവെന്നും വൈസ് ചാൻസലർ പറഞ്ഞു.