വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം; ‘ഉണർവു'മായി പോലീസ് സ്കൂളിലേക്ക്
കോഴിക്കോട്: വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി പോലീസ് സ്കൂളുകളിലേക്ക്. എല്ലാ സ്കൂളുകളിലും ആന്‍റി നാർക്കോട്ടിക് ക്ലബ് (എ.എൻ.സി) രൂപീകരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, മറ്റ് വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് 'ഉണർവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജുകൾ, ടെക്നിക്കൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ആന്‍റി നാർക്കോട്ടിക് ക്ലബ്ബുകൾ ഉണ്ടാകും. കുട്ടികളുടെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ എന്നിവരെയും പദ്ധതിയിൽ പങ്കാളികളാക്കും. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് വിൽപ്പനക്കാരെ പിടിക്കുകയും അത് ഉപയോഗിക്കുന്നവർക്ക് കൗൺസിലിംഗും ബോധവൽക്കരണവും നൽകുകയുമാണ് ഉദ്ദേശ്യം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയാണ് സംസ്ഥാന തലത്തിൽ ഇത്തരം ക്ലബ്ബുകളുടെ നോഡൽ ഓഫീസർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സ്ഥാപന മേധാവികൾ എ.എൻ.സി.യുടെ ചെയർപേഴ്സൺമാർ ആയിരിക്കും.പി.ടി.എ പ്രസിഡന്‍റ് വൈസ് ചെയർമാൻ, അതത് പൊലീസ് സ്റ്റേഷൻ പരിധിയിലെ എസ്.എച്ച്.ഒ.മാർ, അധ്യാപകർ എന്നിവരാണ് കോ-ഓർഡിനേറ്റർമാർ. ഇതിനായി അധ്യാപകർക്കും മറ്റ് ജനപ്രതിനിധികൾക്കും പോലീസിന്‍റെ സഹായത്തോടെ പരിശീലനം നൽകും.