ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്ക് കൂടും; വര്‍ധന ഫെബ്രുവരി 1 മുതല്‍

ഡൽഹി: ടിവി ചാനലുകളുടെ പുതിയ നിരക്ക് സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ഉത്തരവ് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡിടിഎച്ച്, കേബിൾ ടിവി നിരക്കുകൾ 30 ശതമാനം വർദ്ധിക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, നിരക്ക് വർദ്ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് ഓപ്പറേറ്റർമാർ പറയുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹർജി ഫെബ്രുവരി 8ന് കേരള ഹൈക്കോടതി അന്തിമ വാദം കേൾക്കും. ഉപഭോക്തൃ സൗഹൃദ പരിഹാരം കണ്ടെത്തുന്നതുവരെ വർദ്ധന ഉത്തരവ് നടപ്പാക്കരുതെന്ന് അഭ്യർത്ഥിച്ച് കേബിൾ ടിവി ഓപ്പറേറ്റർമാർ വീണ്ടും ട്രായിയെ സമീപിച്ചു. നവംബറിൽ ട്രായ് പുതിയ നിരക്ക് ഉത്തരവ് 2.0 ഭേദഗതി ചെയ്തു. ഇതോടെ ഒരു ടിവി ചാനലിന്‍റെ വില 12 രൂപയിൽ നിന്ന് 19 രൂപയായി ഉയർന്നു. കേബിൾ ടെലിവിഷൻ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവ് നേരിടുന്നുണ്ടെന്നും പുതിയ നിരക്ക് നടപ്പാക്കുന്നതോടെ ഇത് വർദ്ധിക്കുമെന്നും ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എഐഡിസിഎഫ്) നേരത്തെ പറഞ്ഞിരുന്നു. കൂടാതെ, തുടർച്ചയായ ബിസിനസ്സ് നഷ്ടം കാരണം കേബിൾ ടിവി വ്യവസായത്തിൽ ഏകദേശം 150,000 പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉപയോക്താക്കൾക്കായി ചാനലുകളുടെ വില വർദ്ധിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും ഇത്രയും ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ റെഗുലേറ്റർ അനാവശ്യ തിടുക്കം കാണിക്കുന്നുവെന്ന് ജനുവരി 25ന് ട്രായ്ക്ക് അയച്ച കത്തിൽ കേബിൾ ഫെഡറേഷൻ പറഞ്ഞു. സർവേ നടത്താനും അതനുസരിച്ച് ചാനലുകളുടെ വില നിശ്ചയിക്കാനും വിതരണക്കാർക്ക് വേണ്ടത്ര സമയം നൽകുന്നില്ലെന്നും പരാതിയുണ്ട്.

Related Posts