100 ശതമാനം കടലാസ് രഹിതമായ ലോകത്തിലെ ആദ്യത്തെ സർക്കാരായി ദുബായ്
100 ശതമാനം കടലാസ് രഹിതമാകുന്ന ലോകത്തിലെ ആദ്യത്തെ സർക്കാരായി ദുബായ് മാറിയെന്ന് എമിറേറ്റ്സ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. സർക്കാരിൻ്റെ ആന്തരിക, ബാഹ്യ ഇടപാടുകളും നടപടിക്രമങ്ങളും 100 ശതമാനം ഡിജിറ്റലാണ്. സമഗ്രമായ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിൽ നിന്നാണ് സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നത്.
ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റൈസ് ചെയ്യാനുള്ള യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് ഈ നേട്ടമെന്ന് ഷെയ്ഖ് ഹംദാൻ പ്രസ്താവനയിൽ പറഞ്ഞു. നവീകരണം, സർഗാത്മകത, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിൽ വേരൂന്നിയ യാത്രയാണിത്. ലോകത്തെ മുൻനിര ഡിജിറ്റൽ തലസ്ഥാനം എന്ന നിലയിലുള്ള പദവിയെ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ നേട്ടം. ഉപഭോക്താക്കളുടെ സന്തോഷം വർധിപ്പിക്കുന്ന തരത്തിൽ സർക്കാർ പ്രവർത്തനങ്ങളും സേവനങ്ങളും രൂപകൽപ്പന ചെയ്യുന്നതിലുള്ള റോൾ മോഡൽ പദവിയും ഇതിലൂടെ ശക്തിപ്പെടുകയാണ്.
അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളിൽ ഡിജിറ്റൽ ജീവിത നിലവാരം സമഗ്രമായി പരിഷ്കരിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു. പേപ്പർ ലെസ് നടപടിക്രമങ്ങളിലൂടെ രാജ്യത്തിന് 350 മില്യൺ അമേരിക്കൻ ഡോളറിൻ്റെ നേട്ടമുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.