ദുൽഖർ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം; 'കുറുപ്പ് ' നവംബർ 12-ന് തിയേറ്ററിൽ റിലീസ് ചെയ്യും
ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. ഊഹാപോഹങ്ങൾക്കൊടുവിൽ തിയേറ്റിൽ തന്നെ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കുറുപ്പ് എന്ന ത്രില്ലർ ചിത്രം. നേരത്തേ ഒടിടി പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ നവംബർ 12-ന് തിയേറ്റർ റിലീസായിത്തന്നെ ചിത്രം പുറത്തിറക്കാനാണ് നിർമാതാക്കളുടെ തീരുമാനം. സിനിമയ്ക്ക് അതിൻ്റേതായ ജീവിതവും വിധിയും ഉണ്ടെന്ന്, തിയേറ്റർ റിലീസിനെ കുറിച്ച് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയാ കുറിപ്പിൽ ദുൽഖർ പറഞ്ഞു.
കേരളം ഏറെക്കാലമായി ചർച്ച ചെയ്യുന്ന സുകുമാര കുറുപ്പിൻ്റെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. ജർമനിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ആൾമാറാട്ടം നടത്തുന്ന വ്യക്തിയെപ്പറ്റി വായിച്ചറിഞ്ഞ സുകുമാര കുറുപ്പ് അതേ രീതിയിൽ ചാക്കോ എന്നയാളെ കൊലപ്പെടുത്തി സ്വന്തം മരണമാക്കി ചിത്രീകരിച്ച് തട്ടിപ്പ് നടത്തിയത് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അത്യപൂർവമായ സംഭവമായിരുന്നു. ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാര കുറുപ്പിൻ്റെ കഥ പ്രേക്ഷകരെ ഹരം കൊള്ളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം.