ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ദുൽഖർ ഫോൺ അടിച്ചുമാറ്റിയതാണ്; തുറന്നു പറഞ്ഞ് മമ്മൂട്ടി
സാധാരണ മകൻ ദുൽഖർ സൽമാന്റെ ചിത്രങ്ങൾക്ക് പ്രമോഷൻ നടത്താറില്ലാത്ത മമ്മൂട്ടി ദുൽഖർ നായകനായി എത്തിയ കുറുപ്പിന്റെ പ്രമോഷനുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ താൻ തന്നെയാണ് ഉപ്പച്ചിയുടെ ഫോൺ അടിച്ചു മാറ്റി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ദുൽഖർ തുറന്നു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. ഇപ്പോൾ ഇതേക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളാണ് വൈറലാവുന്നത്. താൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് ദുൽഖർ ഫോൺ എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്. പുതിയ ചിത്രം ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു വെളിപ്പെടുത്തൽ.
മമ്മൂട്ടിയുടെ വാക്കുകൾ
‘ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ഫോൺ എന്നെടുത്തോട്ടെ എന്നു ചോദിച്ച് കൊണ്ടുപോയതാ. കാര്യം ശരിയാ, അതൊന്നും നമ്മൾ വിളിച്ചുകൂവരുതല്ലോ.’- താരം പറഞ്ഞു.
മമ്മൂട്ടിയുടെ ഭീഷ്മ പർവവും ദുൽഖറിന്റെ ഹേ സിനാമികയും നാളെയാണ് തിയറ്ററിൽ എത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം വൈറലായിരുന്നു. പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. കാജൾ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായി എത്തുന്നത്.