ദുൽഖർ സൽമാന്റെ സല്യൂട്ട് തിയേറ്ററിലേക്കില്ല; സോണി ലിവിൽ റിലീസ് ചെയ്യും
ദുൽഖർ സൽമാൻ നായകനായ റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലിവിൽ റിലീസ് ചെയ്യും. നേരത്തേ തിയേറ്ററിൽ പ്രദർശിപ്പിക്കാനായിരുന്നു തീരുമാനം. ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ദുൽഖർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത സല്യൂട്ടിനുണ്ട്. അരവിന്ദ് കരുണാകരൻ എന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് ദുൽഖർ ചെയ്യുന്നത്.
2012-ൽ പുറത്തിറങ്ങിയ കോക്ടെയിൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മനോജ് കെ ജയൻ, അലൻസിയർ, കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



