കുറുപ്പിൻ്റെ ട്രെയ്ലർ ഇന്നിറങ്ങും, കൂളായിരിക്കാൻ കഴിയുന്നില്ലെന്ന് ദുൽഖർ, റെക്കോഡുകൾ പൊളിച്ച് കൈയിൽ തരാമെന്ന് ആരാധകർ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിൻ്റെ ട്രെയ്ലർ ഇന്ന് പുറത്തിറങ്ങും. ടെയ്ലർ എപ്പോൾ പുറത്തിറങ്ങും എന്നാണ് നിങ്ങൾ കരുതുന്നത് എന്ന ചോദ്യവുമായി ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റിട്ടിട്ടുണ്ട്. ട്രെയ്ലർ ഇറങ്ങുന്നതിൻ്റെ ടെൻഷനിലാണ് താനെന്നും അതിനാൽ കൂളായിരിക്കാൻ കഴിയുന്നില്ലെന്നും പോസ്റ്റിൽ ദുൽഖർ പറയുന്നുണ്ട്. എന്നാൽ കൂളായിരുന്നോ, ഫാസ്റ്റസ്റ്റ് ഹിറ്റാക്കി തരാമെന്നാണ് ആരാധകരുടെ പ്രതികരണം.
അഞ്ച് മണിയെന്നും ആറ് മണിയെന്നും ഏഴ് മണിയെന്നും വ്യത്യസ്ത സമയങ്ങളാണ് ടെയ്ലർ റിലീസിനായി ആരാധകർ പ്രവചിക്കുന്നത്. കുഞ്ഞിക്കയുടെ ഒപ്പമുണ്ടെന്നും ട്രെയ്ലറിനായി കാത്തിരിക്കുകയാണെന്നും ചിലർ പറയുന്നു. ത്രില്ലടിച്ചിരിക്കുകയാണെന്നും ട്രെയ്ലർ പൊളിക്കുമെന്നും ഇടിവെട്ട് ഹിറ്റാക്കിക്കൊള്ളാമെന്നും ആരാധകർ ഉറപ്പ് നൽകുന്നുണ്ട്. ഫാസ്റ്റസ്റ്റ് 10 മില്യൺ ലൈക്ക് ഉറപ്പ് നൽകുകയാണ് മറ്റൊരു ആരാധകൻ.
ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കുറുപ്പ് എന്ന ത്രില്ലർ ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുന്നത്. നേരത്തേ ഒടിടിയിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ നവംബർ 12-ന് തിയേറ്ററിൽത്തന്നെ പുറത്തിറക്കാനാണ് നിർമാതാക്കളുടെ തീരുമാനം.
കേരളം ഏറെക്കാലമായി ചർച്ച ചെയ്യുന്ന സുകുമാര കുറുപ്പിൻ്റെ ജീവിത കഥയാണ് കുറുപ്പ് പറയുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം. ജർമനിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ആൾമാറാട്ടം നടത്തുന്ന വ്യക്തിയെപ്പറ്റി വായിച്ചറിയുന്ന സുകുമാര കുറുപ്പ് ചാക്കോ എന്നയാളെ കൊലപ്പെടുത്തി സ്വന്തം മരണമാക്കി ചിത്രീകരിച്ച് തട്ടിപ്പിന് ശ്രമിച്ചത് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ അത്യപൂർവമായ സംഭവമായിരുന്നു. പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാര കുറുപ്പിൻ്റെ നാടകീയമായ ജീവിത കഥ തിയേറ്ററുകളെ ഇളക്കി മറിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ.