ബോളിവുഡ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമായി ഡ്വെയ്ൻ ജോൺസൺ

ലോകപ്രശസ്ത റെസ്ലിങ് താരവും ഹോളിവുഡ് നടനുമായ ഡ്വെയ്ൻ ജോൺസണ് ബോളിവുഡ് സിനിമയിൽ അഭിനയിക്കണം. ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിൽ ജോൺസൺ തന്നെയാണ് തന്റെ ഏറെ നാളത്തെ ആഗ്രഹം വെളിപ്പെടുത്തിയത്.
റെസ്ലിങ് റിങ്ങിൽ 'റോക്ക് 'എന്ന് അറിയപ്പെടുന്ന ജോൺസൺ വേൾഡ് റെസ്ലിങ് ഫെഡറേഷന്റെ ചരിത്രത്തിലെ എണ്ണം പറഞ്ഞ താരങ്ങളിൽ ഒരാളാണ്. അഭിനയരംഗത്ത് എത്തുന്നതിന് മുമ്പ് എട്ട് വർഷത്തോളം തുടർച്ചയായി റിങ്ങിൽ നിറഞ്ഞു നിന്നിരുന്നു.
ബോളിവുഡിൽ ഒരു സിനിമ ചെയ്യാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ജോൺസൺ പറഞ്ഞു. കുറേക്കാലമായുള്ള ആഗ്രഹമാണ്. താൻ പലതവണ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഹോളിവുഡിനും ബോളിവുഡിനും ഇടയിൽ ഒരു കണക്റ്റിങ്ങ് ലിങ്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകളിൽ മാത്രമല്ല ഇക്കാലത്ത് സിനിമ റിലീസ് ചെയ്യുന്നത്. സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾ പ്രധാന പ്രദർശന സ്ഥലമായി മാറിക്കഴിഞ്ഞു. അതിനാൽ സിനിമ ചെയ്യാനുള്ള അവസരങ്ങൾ വർധിച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളാണ് ഡ്വെയ്ൻ ജോൺസൺ. അമേരിക്കൻ, കനേഡിയൻ പൗരത്വങ്ങളുള്ള നടൻ കാലിഫോർണിയയിലാണ് താമസിക്കുന്നത്. 'ദി സ്കോർപിയൺ കിംങ്ങ് ', 'ദി ഗെയിം പ്ലാൻ', 'സെൻട്രൽ ഇന്റലിജൻസ് ', 'സ്കൈ സ്ക്രാപ്പർ ', 'സാൻ ആൻഡ്രിയാസ് ', 'റാം പേജ് ', 'ഫാസ്റ്റ് ആൻ്റ് ഫ്യൂരിയസ് ', 'ജുമാൻജി' തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധേയനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'റെഡ് നോട്ടിസ് ' ആണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.