പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഇ ഗവേര്‍ണന്‍സ് സംവിധാനത്തിലേക്ക്.പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഇ ഗവേര്‍ണന്‍സ് സംവിധാനത്തിലേക്ക്.
പെരിഞ്ഞനം: ഗ്രാമപഞ്ചായത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സമയബന്ധിതമായും കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ എല്‍ ജി എം എസ്) പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഓപ്പണ്‍സോഴ്‌സ് സാങ്കേതികവിദ്യയില്‍ ഇന്‍ഫര്‍മേഷന്‍ കേരള വികസിപ്പിച്ചിട്ടുള്ള പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ്മാനേജ്‌മെന്റ് സിസ്റ്റം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഇ ടി ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭ്യമാകുന്ന ഇരുന്നൂറിലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദ്ദേശങ്ങളും ഓണ്‍ലൈനായി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സേവനത്തിനും അപേക്ഷ അയക്കുമ്പോള്‍ ഉള്‍ക്കൊള്ളിക്കുന്ന രേഖകള്‍ ഏതെക്കെയാണെന്ന വിവരം സോഫ്റ്റ് വെയര്‍ ലഭ്യമാക്കും. അപേക്ഷയുടെ കൈപ്പറ്റ് രശീതും അപേക്ഷയ്‌ക്കൊപ്പം അടക്കേണ്ട ഫീസുകള്‍ക്കുള്ള രശീതിയും സേവനം നല്‍കുന്ന തീയതിയും സംബന്ധിച്ച അറിയിപ്പുകള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്താതെ കൂടുതല്‍ വേഗതയില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനും നിലവിലെ സംവിധാനം വഴി സാധിക്കും.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് വിനിത മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സായിദാ മുത്തുകോയ തങ്ങള്‍, ഷീല ടീച്ചര്‍, എന്‍ കെ അബ്ദുള്‍ നാസര്‍, ഹേമലത രാജുക്കുട്ടന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.