ആധുനികകാലത്ത് ഇ-ഗവേണൻസ് അനിവാര്യം- മന്ത്രി കെ രാധാകൃഷ്ണൻ
ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ ഇ ഗവേണൻസ് അനിവാര്യമെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇ ഓഫീസുകൾ നടപ്പാക്കുമ്പോൾ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടി നടപ്പിലാക്കാൻ കഴിയണം. പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ കാലതാമസം വരാതെയും സൂക്ഷ്മമായി നിരീക്ഷിച്ചും കൃത്യതയോടും വേണം ഇ ഓഫീസുകൾ പ്രാവർത്തികമാക്കാനെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെകാര്യാലയം കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഇ ഓഫീസായി മാറുന്നതിൻ്റെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ നടത്താനുള്ള പരിശ്രമങ്ങളാണ് സംസ്ഥാനസർക്കാർ എക്കാലവും നടത്തിവരുന്നത്. വിദ്യാഭ്യാസരംഗത്ത് കേരളം നടത്തിവരുന്ന മാറ്റങ്ങൾ മൂലമാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് കേരളം എക്കാലവും മാതൃകയാവുന്നത്. കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് ഓൺലൈൻ വിദ്യാഭ്യാസം സർക്കാർ ആരംഭിച്ചത്. രണ്ടാം ഘട്ടം എന്ന നിലയിൽ എല്ലാവർക്കും ഡിജിറ്റൽ ഉപകരണങ്ങൾ നൽകാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രാധാന്യം നൽകിയത് ട്രൈബൽ മേഖലയിലെ വിദ്യാർത്ഥികൾക്കാണ്. 43,000 ട്രൈബൽ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തത്. ഡിജിറ്റൽ വിദ്യാഭ്യാസം കുട്ടികളിൽ വരുത്തുന്ന മാറ്റങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇ ഓഫീസ് സംവിധാനത്തിലേക്കാണ് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം മാറിയത്. ഇതോടെ കാര്യാലയം കടലാസ് ഫയൽ രഹിത ഓഫീസായി മാറും. ഫയൽ നീക്കം സുതാര്യമാകുന്നതോടൊപ്പം വേഗത്തിലുമാകും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ നേട്ടം. ഏറ്റവും കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓഫീസാണിത്. ജീവനക്കാർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം. സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നിർവ്വഹണം പൂർത്തിയാക്കിയത്. നാഷണൽ ഇ ഗവേണൻസ് പ്ലാനിൻ്റെ കീഴിൽ നാഷണൽ ഇൻഫർമേറ്റിക്സ് സെന്റർ വഴി വികസിപ്പിച്ചെടുത്താണ് പദ്ധതി നടപ്പാക്കിയത്.
പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു എന്നിവർ വിശിഷ്ടാതിഥികളായി. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ ഡി ശ്രീജ, എസ് എസ് കെ ജില്ലാ കോർഡിനേറ്റർ പി ഐ യൂസഫ്, കൈറ്റ്‌സ് ജില്ലാ കോ ഓർഡിനേറ്റർ എം അഷറഫ്, ജില്ലാ ഹയർ സെക്കന്ററി കോ ഓർഡിനേറ്റർ വി എം കരിം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ പി എ മുഹമ്മദ് സിദ്ദിഖ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം ബി പ്രശാന്ത് ലാൽ, വിവിധ ജില്ലാ വിദ്യാഭ്യാസ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, അധ്യാപക - സർവ്വീസ് സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.