കുന്നംകുളത്ത് ഇ - ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

കുന്നംകുളം നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമായി കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇ ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.
എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വഴിയോരക്കച്ചവടക്കാര്‍, അതിഥി തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലുള്ള വിവിധ തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയെന്നും മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പുതിയ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നതായും എംഎല്‍എ അറിയിച്ചു. രാജ്യത്തെ വിവിധ തുറകളിലുള്ള അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് സഹായകമായ ഇ ശ്രം പോര്‍ട്ടലില്‍ എല്ലാ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി കെ റഫീക്ക്, ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ കെ അബ്ദുല്‍ ഗഫൂര്‍, കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എം മിനി തുടങ്ങിയവര്‍ പങ്കെടുത്തു.