തുർക്കിയിൽ വീണ്ടും ഭൂചലനം: 3 പേർ മരിച്ചു, 680 പേർക്ക് പരിക്ക്
തുർക്കി: അരലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ ആഘാതം മാറുന്നതിന് തൊട്ടുമുമ്പ് തുർക്കിയിൽ ഇന്നലെ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 680 പേർക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഹതായ് പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് ആളുകൾ രാത്രിയിൽ വീട് വിട്ട് തുറസ്സായ സ്ഥലത്ത് അഭയം തേടി. രണ്ടാഴ്ച മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവുകളിലെ കൂടാരങ്ങളിൽ ഉറങ്ങിക്കിടന്നവർ വീണ്ടും ദുരിതത്തിൻ്റെ പിടിയിലേക്ക് വീണു. ഭൂമി പിളർന്നതുപോലെ തോന്നി ഞെട്ടലോടെയാണ് പലരും ഞെട്ടി ഉണർന്നത്. ആളുകൾ കൂടാരങ്ങൾക്ക് പുറത്ത് ഓടികൂടുകയായിരുന്നു.