തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം.

തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ പീച്ചി അണക്കെട്ടിന്‍റെ പരിസരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്‌ച 2.40 ഓടെ പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ് 3.3 റെക്ടർ സ്‌കെയിലിൽ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സെക്കന്റുകൾ മാത്രം നീണ്ട ഭൂചലനത്തിനൊപ്പം പലയിടങ്ങളിലും വൻമുഴക്കമുണ്ടായി.

പാലക്കാട് ഉച്ചയോടുകൂടിയാണ് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിൽ ഭൂചലനമുണ്ടായത്. പാലക്കാട് പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. രണ്ട് തവണയായി വലിയ ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകൾ വിണ്ടുകീറി.

Related Posts