പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം; 9 മരണം, മൂന്നൂറിലധികം പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒമ്പത് മരണം. 300 ലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവിശ്യയായ ബദക്ഷനടുത്തുള്ള ഹിന്ദുകുഷ് പർവ്വത മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് 200 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്വാത്ത് മേഖലയിൽ 150 ലധികം പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്ന് വീണത് മൂലമാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. ഭൂകമ്പത്തിൽ ഖൈബര്‍ പഖ്തൂണ്‍ പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുരന്തനിവാരണ സേനയോട് തയ്യാറായിരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അഫ്ഗാനിസ്ഥാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതൽ ആഘാതം ഉണ്ടായത്. പല സ്ഥലങ്ങളിലും ഫോൺ, ഇന്‍റർനെറ്റ് സേവനങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെല്ലാം എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഭൂകമ്പം ഉണ്ടായയുടൻ നിരവധി ആളുകൾ വീടുകൾ ഉപേക്ഷിച്ച് തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടി. കഴിഞ്ഞ വർഷം കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചിരുന്നു.