ഈസ് ഓഫ് ഡൂയിങ് ബിസിനസ്; വ്യവസായങ്ങൾക്ക് വൈദ്യുതി എളുപ്പമാക്കാൻ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു.

തിരുവനന്തപുരം: വ്യവസായങ്ങൾക്ക് വൈദ്യുതി കണക്ഷൻ കിട്ടുന്നത് എളുപ്പമാക്കാൻ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു. വ്യവസായങ്ങൾ തുടങ്ങുന്നത് അനായാസമാക്കാൻ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയങ്ങളുടെ ഭാഗമായാണിത്. ഇതിനുള്ള നിർദേശങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു.

സിനിമാ തിയേറ്ററുകളുടെ നടത്തിപ്പിലും ഇളവുകൾ വരുത്തുന്നത് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റർ ലൈസൻസ് പുതുക്കുന്നത് മൂന്നിൽനിന്ന് അഞ്ചുവർഷത്തിലൊരിക്കലാക്കും. സ്ക്രീൻ ഒന്നിന് ഒരു ഓപ്പറേറ്റർ എന്ന നിബന്ധന ഒഴിവാക്കും. മൾട്ടിപ്ലക്സിൽ രണ്ട് സ്ക്രീനിന് ഒരു ഓപ്പറേറ്റർ മതിയെന്നാണ് പുതിയ നിർദേശം.

2014-ലെ ഇലക്ട്രിസിറ്റി സപ്ലൈകോഡ്, കേരള ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾസ്, കേരള സിനിമ റെഗുലേഷൻ റൂൾ എന്നിവയും സർക്കാർ ഉത്തരവുകളുമാണ് ഭേദഗതി ചെയ്യാൻ സർക്കാർ സമ്മതിച്ചത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചില ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും.

ചട്ടത്തിൽ പുതിയതായി നിർദേശിച്ച പ്രധാന മാറ്റങ്ങൾ:-

  1. പുതിയ കണക്ഷൻ കിട്ടാൻ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ റവന്യൂ വകുപ്പിൽനിന്നോ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള സർട്ടിഫിക്കറ്റ് നിർബന്ധം. ഇതിനു പകരം വിൽപ്പനക്കരാറോ മറ്റ് തിരിച്ചറിയൽ രേഖകളോ സ്വീകരിക്കാമെന്നാണ് നിർദേശം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് ഗുണകരമാവും.
  2. ലൈനിന്റെ നീളവും വേണ്ടിവരുന്ന പോസ്റ്റിന്റെ എണ്ണവും ഉൾപ്പെടെയുള്ളവയുടെ ചെലവ് കണക്കാക്കിയാണ് ഇപ്പോൾ പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നത്. ഇതിനുപകരം റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയൊടുക്കണം. ഈ നയംമാറ്റം ഗാർഹിക കണക്ഷനെടുക്കുന്നത് അനായാസമാക്കും.
  3. വ്യവസായ ഉപഭോക്താക്കൾ ഇപ്പോൾ കണക്ഷൻ സംബന്ധിച്ച് വൈദ്യുതി ബോർഡുമായി കരാറിൽ ഏർപ്പെടണം. കരാർ ലംഘിച്ചാൽ പിഴയൊടുക്കണം. ഈ കരാർ സമ്പ്രദായം അവസാനിപ്പിക്കും. പകരം കണക്ഷനെ സംബന്ധിച്ച വിവരവും മാറ്റങ്ങളും അറിയിച്ചാൽ മതി.
  4. വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോർഡിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്കേ ഇപ്പോൾ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താൻ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവർക്ക് അത് ചെയ്യാം.
  5. ലിഫ്റ്റുകളുടെ ലൈസൻസ് രണ്ടുവർഷത്തിലൊരിക്കൽ പുതുക്കുന്നത് ഇനി മൂന്നുവർഷത്തിലൊരിക്കലാക്കും. ഇപ്പോൾ പത്ത് കെ.വി. എ.ക്കു മുകളിൽ ശേഷിയുള്ള ജനറേറ്ററുകൾ സ്ഥാപിക്കാൻ മുൻകൂർ അനുമതി വേണം. ഇത് 30 കെ വി എ ആയി ഉയർത്തും. അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയാൽ ഈടാക്കുന്ന അസസ്മെന്റ് ചാർജ് കുറയ്ക്കും.

ചട്ടങ്ങൾ മാറ്റാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എ ആർ സതീഷ് പറഞ്ഞു.

Related Posts