‘ഈസ് ഓഫ് ലീവിങ്ങ്' സർവേക്ക്‌ ഇന്ന് തുടക്കം.

സംസ്ഥാന തലത്തിൽ ഗ്രാമവികസന വകുപ്പ്‌  സർവേയ്ക്ക് നേതൃത്വം നൽകും.

തിരുവനന്തപുരം:


‘ഈസ് ഓഫ് ലീവിങ്ങ്' സർവേ തിങ്കളാഴ്‌ച തുടങ്ങും. കൊവിഡ്‌ കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും, നടപ്പാക്കിയ കേന്ദ്ര–സംസ്ഥാന പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്താനും, സാമൂഹ്യ–സാമ്പത്തിക–ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വിവിധ കേന്ദ്ര–സംസ്ഥാന പദ്ധതി പ്രവർത്തനങ്ങളാണ്‌ സർവേയിലൂടെ വിലയിരുത്തുന്നത്‌. പഴയ സാമൂഹ്യ–സാമ്പത്തിക സെൻസസ്‌ പട്ടികയിലുള്ള ഗുണഭോക്താക്കളുടെ നിലവിലുള്ള ജീവിത സൗകര്യങ്ങളുടെ വിവരം ശേഖരിക്കും. സർവേയുടെ ഡേറ്റാ എൻട്രിയും അപ്‌ലോഡിങ്ങും  ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്‌ നടത്തും.  സർക്കാർ പദ്ധതികളിലെ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്‌. ഒപ്പം ഗുണഭോക്താക്കളുടെ നിലവിലെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടാകും.

സംസ്ഥാന തലത്തിൽ ഗ്രാമവികസന വകുപ്പ്‌  സർവേയ്ക്ക് നേതൃത്വം നൽകും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ സർവേ പ്രവർത്തനം ഏകോപിപ്പിക്കും. വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ്‌ പദ്ധതി മേറ്റുമാർ, തൊഴിലാളികൾ,  ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തുക. ശേഖരിക്കുന്ന വിവരങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം ഗുണഭോക്താക്കളെ നേരിൽ കാണും. വിവരശേഖരണ പ്രവർത്തനങ്ങൾ ജൂലൈ 20ന് അവസാനിക്കും. തദ്ദേശ സ്വയഭരണം, ഗ്രാമവികസനം, പഞ്ചായത്ത്‌, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പുകളും കുടുംബശ്രീ മിഷനും സർവേയുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.

Related Posts