അയല്‍രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി; ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു
ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു. വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേപ്പാളും ബംഗ്ലാദേശും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗ്ലാദേശ്, നേപ്പാൾ , ശ്രീലങ്ക, ഭൂട്ടാൻ , മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 ഓഗസ്റ്റിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 10.5 ശതമാനം കുറഞ്ഞു. ഓഗസ്റ്റിൽ 2.1 ബില്യൺ ഡോളറിന്‍റെ സാധനങ്ങൾ ഇന്ത്യ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 22.7 ശതമാനം ഇടിഞ്ഞ് 889 ദശലക്ഷം ഡോളറിലെത്തി. എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ-ഓഗസ്റ്റ്) കയറ്റുമതി 8.7 ശതമാനം വർദ്ധിച്ചു. ഓഗസ്റ്റിൽ നേപ്പാളിലേക്കുള്ള കയറ്റുമതിയിൽ 11.3 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതിയിൽ മൂന്ന് ശതമാനം വളർച്ചയുണ്ടായി. അതേസമയം, ഓഗസ്റ്റിൽ പാകിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കുമുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിച്ചു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 15.7 ശതമാനം ഉയർന്ന് 356 ദശലക്ഷം ഡോളറിലെത്തി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ സഹായം കയറ്റുമതി വർദ്ധനവിന് കാരണമായി. ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതുവരെ 4 ബില്യൺ ഡോളറിന്‍റെ സഹായം നൽകിയിട്ടുണ്ട്. ഓഗസ്റ്റിൽ ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി 10.6 ശതമാനം ഉയർന്ന് 36.9 ബില്യൺ ഡോളറിലെത്തി. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ കയറ്റുമതി 196.4 ബില്യൺ ഡോളറായിരുന്നു. കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.5 ശതമാനം വർദ്ധിച്ചു.