സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടിക്കുറച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടികളുമായി പാകിസ്ഥാൻ. മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെ ചെലവുകൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന മന്ത്രിമാർ അത് തിരികെ നൽകണം. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വി.ഐ.പി താമസം അവസാനിപ്പിച്ചു. എല്ലാ വി.ഐ.പി യാത്രകളും ഇക്കോണമി ക്ലാസിലേക്ക് മാറ്റി. ചെലവ് കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എഫ് നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാൻ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്.