എസ്എസ്എൽസി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കും; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രഹ്മപുരത്തെ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടിയന്തര സാഹചര്യം നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠ്യേതര വിഷയത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് ഗ്രേസ് മാർക്ക് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി ബ്രഹ്മപുരത്തെ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ കളക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. പരീക്ഷാ ഹാളിൽ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ കുടിവെള്ളം കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് മലബാറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. അധ്യാപകരുടെ ഡ്യൂട്ടി ആശങ്കകൾക്കും മന്ത്രി മറുപടി നൽകി. എല്ലാ വശങ്ങളും ചർച്ച ചെയ്താണ് തീയതി തീരുമാനിച്ചതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തി പരീക്ഷാ ഷെഡ്യൂൾ തീരുമാനിക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.