പ്ലസ്ടു പരീക്ഷ മൂല്യനിര്‍ണയം നടത്താത്തത് കോടതി ഉത്തരവിന്റെ ലംഘനമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ്ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. വിദ്യാര്‍ത്ഥികളെ മറയാക്കി അധ്യാപകര്‍ നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ്. കെമിസ്ട്രി അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

‘ഇതുവരെ ഒരപേക്ഷയോ പരാതിയോ രേഖാമൂലമോ അല്ലാതെയോ ഈ അധ്യാപകര്‍ വകുപ്പിനെ അറിയിച്ചിട്ടില്ല. മൂല്യനിര്‍ണയം ദിവസം വരെ ആര്‍ക്കും പരാതിയില്ലായിരുന്നു. ഉത്തരക്കടലാസ് നോക്കിത്തുടങ്ങുമ്പോള്‍ മാത്രമാണ് അധ്യാപകര്‍ക്ക് പ്രശ്‌നം. പഠിച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ മാര്‍ക്ക് നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം. അധ്യാപകര്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസ വകുപ്പിന് അംഗീകരിക്കാന്‍ കഴിയില്ല’. വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

കോടതി ഉത്തരവ് പ്രകാരം പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് ഒരു കാരണവശാലും അധ്യാപകര്‍ വിട്ടുനില്‍ക്കാന്‍ പാടില്ലെന്നും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാതിരിക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Related Posts