ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമൻ എഡ്വിന്‍ ആല്‍ഡ്രിന് 93-ാം വയസിൽ വിവാഹം

വാഷിങ്ടണ്‍: ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ ബഹിരാകാശയാത്രികരിൽ ഒരാളായ എഡ്വിൻ ബുസ് ആൽഡ്രിൻ 93-ാം വയസില്‍ വിവാഹിതനായി. നീണ്ട പ്രണയത്തിനൊടുവിലാണ് ആൽഡ്രിൻ ഡോക്ടർ അങ്ക ഫൗറിനെ തന്‍റെ ജീവിത പങ്കാളിയാക്കിയത്. 1969 ൽ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് ആൽഡ്രിൻ. ലോസ് ഏഞ്ചൽസിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. "എന്‍റെ ദീർഘകാല പ്രണയിനി ഡോ.അങ്ക ഫൗറും ഞാനും എന്‍റെ 93-ാം ജൻമദിനത്തിൽ വ്യോമ മേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരായി. ലോസ് ഏഞ്ചൽസിൽ നടന്ന ഒരു ചെറിയ, സ്വകാര്യ ചടങ്ങിൽ ഞങ്ങൾ ഒത്തുചേർന്നു, ഒളിച്ചോടിയ കൗമാരകമിതാക്കളെപ്പോലെ ഞങ്ങൾ ആവേശത്തിലാണ്, "അദ്ദേഹം എഴുതി. നിരവധി പേരാണ് ആൽഡ്രിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. ആൽഡ്രിൻ മൂന്ന് തവണ വിവാഹിതനായി വിവാഹമോചനം നേടിയിരുന്നു. അപ്പോളോ 11 ദൗത്യത്തിൽ മൂന്നംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൽഡ്രിൻ. നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തി 19 മിനിറ്റിന് ശേഷമാണ് ആൽഡ്രിൻ ചന്ദ്രനിൽ ഇറങ്ങിയത്. 1971 ൽ നാസയിൽ നിന്ന് വിരമിച്ച ശേഷം ആൽഡ്രിൻ 1998 ൽ ബഹിരാകാശ പര്യവേക്ഷണത്തിനായി ഷെയർസ്പേസ് ഫൗണ്ടേഷനും സ്ഥാപിച്ചു.

Related Posts