എട്ട് വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അറുത്തുമാറ്റിയ തലയുമായി ഗ്രാമത്തിലൂടെ കറങ്ങിനടന്ന് യുവാവ്

എട്ട് വയസ്സുകാരിയെ കഴുത്തറുത്ത് കൊന്ന്, അറുത്തെടുത്ത തലയുമായി കറങ്ങിനടന്ന 30 കാരനെ അറസ്റ്റ് ചെയ്തതായി ഒഡിഷ പൊലീസ്.
ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ ഹീനകൃത്യം അരങ്ങേറിയത്. കഴുത്തറുത്ത് കൊന്നതിന് ശേഷം കോടാലി കൊണ്ട് വെട്ടിമാറ്റിയ തലയുമായി ഇയാൾ ഗ്രാമത്തിൽ അലഞ്ഞുനടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണം എന്തെന്ന് അറിവായിട്ടില്ല. അറുത്തെടുത്ത തലയുമായി വീട്ടിലെത്തിയ ഇയാൾ കോടാലി കാട്ടി ഭാര്യയെയും ഭീഷണിപ്പെടുത്തി. തുടർന്ന് മുറ്റത്തെ മണ്ണിൽ കിടന്ന് ഉറക്കമായി.
രാവിലെ ഒരു കൃഷിയിടത്തിൽ വെളിക്കിരിക്കാൻ പോയതാണ് പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു. കോടാലിയുമായി പെൺകുട്ടിയെ പിന്തുടർന്ന പ്രതി അവിടെയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വെട്ടിമുറിച്ച തലയുമായി കുറ്റവാളി ഗ്രാമം മുഴുവൻ കറങ്ങി നടന്നു.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മുഴുക്കുടിയനാണെന്നും എന്നാൽ മരിച്ച പെൺകുട്ടിയുടെ കുടുംബവുമായി യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും കുചിന്ദ സബ്ഡിവിഷണൽ പൊലീസ് ഓഫീസർ രാജ്കിഷോർ മിശ്ര പറഞ്ഞു.