നീന്തൽ കുളത്തിൽ മിന്നലായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന

തൃശൂർ: നീന്തൽ മത്സര വേദിയിലെ മിന്നും താരമായി ജനശ്രദ്ധ നേടുകയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന. തൃശൂരിൽ നടന്ന അക്വാറ്റിക് മത്സരങ്ങളിൽ മൂന്ന് വ്യക്തിഗത ഇനങ്ങളിലായി മികച്ച പ്രകടനം കാഴ്ച്ച വെച്ച് അഞ്ച് സ്വർണ്ണ മെഡലുകളാണ് നിരഞ്ജന ബൈജു (13 ) കരസ്ഥമാക്കിയത്. 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 50 മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് നിരഞ്ജന സ്വർണ്ണം നേടിയത്. രണ്ട് റിലേ മത്സരങ്ങളിലും സ്വർണ്ണമുണ്ട്.

NIRANJANA.jpeg

ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ വിദ്യാർത്ഥിനിയാണ് നിരഞ്ജന. 2-ാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് നീന്തൽ പരിശീലനം ആരംഭിക്കുന്നത്. ടേബിൾ ടെന്നീസിൽ താൽപ്പര്യമുണ്ടായിരുന്നെങ്കിലും നീന്തലിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനസമയം കഴിഞ്ഞ ശേഷം സ്കൂളിൽ തന്നെയാണ് നിരഞ്ജന നീന്തൽ പരിശീലനം നടത്തിയിരുന്നത്. സ്കൂളിലെ നീന്തൽ പരിശീലകനായ രാജീവിന്റെ ചിട്ടയായ പരിശീലമാണ് നിരഞ്ജനയെ മികച്ച നീന്തൽ താരമായി ഉയർത്തി കൊണ്ടു വന്നത്. സംസ്ഥാന തലത്തിലടക്കം നിരവധി നീന്തൽ മത്സരങ്ങളിൽ ഇതിനകം ഈ കൊച്ചു മിടുക്കി പങ്കെടുത്തിട്ടുണ്ട്. പത്തോളം മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഒഴിവു സമയങ്ങളിൽ ചിത്രരചനയിലും സജീവമാണ് നിരഞ്ജന. പെൻസിൽ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാനാണ് കൂടുതലിഷ്ടം. നിരഞ്ജനയുടെ അനിയൻ പുല്ലൂർ എസ്എൻബിഎസ് സ്കൂളിലെ 2-ാം ക്ലാസ് വിദ്യാർത്ഥിയായ നമിത് ( 7 ) ചിത്രരചനയിൽ സമർത്ഥനാണ്.

NIRANJANA FAMILY.jpeg

കൊടുങ്ങല്ലൂർ പോലീസ് എസ്എച്ച്ഒ ഇ.ആർ. ബൈജുവിന്റെയും കൂർക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്കിലെ സീനിയർ ക്ലാർക്കായ മിനുവിന്റെയും മകളാണ് നിരഞ്ജന. സംസ്ഥാന തലത്തിൽ നടക്കാനിരിക്കുന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണ് നിരഞ്ജന ഇപ്പോൾ.

Related Posts