എളവള്ളിയിൽ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലേയ്ക്ക്

എളവള്ളി:

എളവള്ളി ഗ്രാമപഞ്ചായത്തിൽ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറുന്നു. എളവള്ളി ഗ്രാമ പഞ്ചായത്തിൻ്റെ ഭാഗമായ റോഡുകൾ, തോടുകൾ, പൊതു കുളങ്ങൾ, കിണറുകൾ, കലുങ്കുകൾ, അങ്കവാടികൾ, കനാലുകൾ, പുഴ, പൊതുടാപ്പുകൾ, സർക്കാർ ഭൂമികൾ എന്നിവയടങ്ങുന്ന ആസ്തികൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലേയ്ക്ക് കൊണ്ടുവരുന്ന ആസ്തികൾ കാലികമാക്കൽ പദ്ധതിക്കാണ് തുടക്കമായത്. ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും ആസ്തികളുടെ വിവരശേഖരണം നടത്തുന്നതോടൊപ്പം അതിനായി ചെലവഴിച്ച പദ്ധതികളും ചെലവാക്കിയ തുകയും അടിസ്ഥാന വിവരങ്ങളായി രേഖപ്പെടുത്തും. ആസ്തികളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കുന്നത് വഴി പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിന് സഹായകമാകും. ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റത്തിൻ്റെ സഹായത്തോടെയാണ് അടിസ്ഥാന വിവരങ്ങൾ ഡിജിറ്റൽ രേഖയാക്കി മാറ്റുന്നത്. ഓരോ വർഷത്തെ ആസ്തിയിൽ വരുന്ന പുരോഗതികളും സമയബന്ധിതമായി കൂട്ടിച്ചേർക്കാനും ഇതുവഴി സാധിക്കും. അക്രഡിറ്റഡ് ഏജൻസിയായ സെൻ്റർ ഫോർ സോഷ്യൽ ആൻ്റ് റിസോഴ്സ് ഡെവലപ്മെൻ്റ് എന്ന സംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. റിസോഴ്സ് ഡെവലപ്മെൻ്റ് ഡയറക്ടർ സി ആർ ജയരാജൻ, ഫീൽഡ് കോർഡിനേറ്റർ ടി എസ് അർജുൻ, ജൂനിയർ എൻജിനീയർമാരായ യൂജിൻ ജേക്കബ്, വി ബി വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. ജനപ്രതിനിധികളായ ബെന്നി ആൻ്റണി, കെ ഡി വിഷ്ണു, ടി  സി മോഹനൻ, എൻ ബി ജയ, എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ, അസിസ്റ്റൻ്റ് സെക്രട്ടറി എം കെ  ആൽഫ്രഡ് എന്നിവർ സംസാരിച്ചു.

Related Posts