എളവള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം പദ്ധതി
കാക്കശ്ശേരി ഗവ.എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കി എളവള്ളി ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. കാക്കശ്ശേരി ഗവ.എല്‍ പി സ്‌കൂളിലെ 66 വിദ്യാര്‍ത്ഥികളാണ് പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നത്.
രണ്ടാഴ്ച തോറും ഓരോ കുട്ടിക്കും പത്ത് കോഴിമുട്ട, ഒരു കിലോ ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴം, ഒരു ലിറ്റര്‍ മില്‍മ പാല്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. അഞ്ചുവര്‍ഷം മുമ്പ് കേരളത്തില്‍ ആദ്യമായി സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോവിഡ് കാലഘട്ടത്തില്‍ പ്രഭാതഭക്ഷണം പദ്ധതി നടത്തുന്ന ഏക പഞ്ചായത്താണ് എളവള്ളി.
പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ ടി സി മോഹനന്‍, കെ ഡി വിഷ്ണു, പി എം അബു, എ പി ശരത് കുമാര്‍, സൗമ്യ രതീഷ്, പിടിഎ പ്രസിഡണ്ട് പ്രസാദ് കാക്കശ്ശേരി, പി ജി സുബിദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് സജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.