തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണിയിടങ്ങളിലെത്തി വാക്‌സിന്‍ രജിസ്‌ട്രേഷന്‍.

എളവള്ളി: എളവള്ളി ഗ്രാമപഞ്ചായത്തിലെ കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ ഭാഗമായി പണിയിടങ്ങളിലെത്തി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഗ്രാമപഞ്ചായത്തിലെ 4, 7, 9 വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങളിലാണ് ജനപ്രതിനിധി സംഘമെത്തിയത്. വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ചുമട്ടുതൊഴിലാളികള്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് മുന്‍ഗണനയുള്ളത്. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് പണി തടസമാവാതെ തന്നെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് തീരുമാനമായത്. രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് മുന്‍ഗണന അനുസരിച്ച് വാക്‌സിന്‍ നല്‍കും. ഏപ്രില്‍ 22 വരെ ആദ്യ വാക്‌സിന്‍ സ്വീകരിച്ച എളവള്ളി ഗ്രാമപഞ്ചായത്തിലെ നിവാസികള്‍ക്ക് രണ്ടാം വാക്‌സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. കൂടാതെ 60 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേരും ആദ്യ ഡോസ് പൂര്‍ത്തീകരിച്ചു.പണിയിടങ്ങളിലെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഡി വിഷ്ണു അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സി മോഹനന്‍, തൊഴിലുറപ്പു പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ സി എസ് ശ്രുതി, ഓവര്‍സിയര്‍ കെ ബി അനുശ്രീ എന്നിവര്‍ സംസാരിച്ചു.

Related Posts