എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു; സർക്കാർ നൽകിയ ഹർജി തള്ളി
കൊച്ചി: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും യുവതിയും നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതിയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് ആദ്യ പരാതിയിൽ നിന്ന് മനസ്സിലാക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. വ്യാജ ആരോപണം ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി പറഞ്ഞിരുന്നു.