എൽദോസ് എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം; പരാതിക്കാരി കോടതിയെ സമീപിക്കും
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. എൽദോസ് സംസ്ഥാനം വിടരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നിരുന്നാലും, അദ്ദേഹം ഇത് ലംഘിച്ച് റായ്പൂരിൽ നടന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. പീഡനക്കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. എൽദോസ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് സെപ്റ്റംബർ 28നാണ് യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി വീണ്ടും ഉപദ്രവിച്ചെന്നും സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.