മന്ത്രി ആർ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് കേസ്, ഹർജി തള്ളി ഹൈക്കോടതി

മന്ത്രി ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ തെളിവെടുപ്പോ തുടർനടപടികളോ ആവശ്യമില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. രണ്ട് കാരണങ്ങളാൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും മന്ത്രി ആർ ബിന്ദുവിൻ്റെ ജയം റദ്ദാക്കണം എന്നുമായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം.

പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ടു പിടിച്ചു, എതിർ സ്ഥാനാത്ഥിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചു എന്നീ കാര്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടുതേടിയതെന്നും ഇത് നിയമവിരുദ്ധമാണ് എന്നുമായിരുന്നു ആരോപണം. ജനങ്ങളെ കബളിപ്പിച്ച് നേടിയതാണ് ബിന്ദുവിന്റെ വിജയമെന്നും തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഹർജി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കാനാവശ്യമായ രേഖകളോ വിവരങ്ങളോ ഹർജിയിൽ ഇല്ലെന്നും കോടതി വിലയിരുത്തി. തുടർന്ന് പ്രാഥമിക വാദം കേട്ട കോടതി ഹർജി നിലനിൽക്കില്ലെന്ന് കണ്ടെത്തി തള്ളുകയായിരുന്നു. ഹർജിയിൽ തെളിവെടുപ്പോ ത ടർ നടപടികളോ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Posts