ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കുള്ളിൽ ഇനി ഇലക്ട്രിക് ആംബുലൻസും
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കുള്ളിൽ രോഗികളുടെ സുഗമമായ സഞ്ചാരത്തിന് തുണയായി ഇനി ഇലക്ട്രിക് ആംബുലൻസും. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് 5.30 ലക്ഷം രൂപ വിനിയോഗിച്ച് നൽകിയ ഇലക്ട്രിക് ആംബുലൻസ് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നാടിന് സമർപ്പിച്ചു. ആശുപത്രിയിൽ 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 12 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളുടെ ആവശ്യങ്ങൾക്കായി ലാഭവിഹിതം പങ്ക് വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നടപടികൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ മുഖ്യാതിഥി ആയിരുന്നു. മാനേജിംഗ് ഡയറക്ടർ ഡോ. ബി ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ പി ടി ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ നന്ദിയും പറഞ്ഞു.