ഓഗസ്റ്റ് ഒന്നു മുതല്‍ തിരുവനന്തപുരത്ത് ഇലക്ട്രിക് ബസ് സർവീസ് തുടങ്ങുന്നു

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നു മുതൽ തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ സർവീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ആദ്യഘട്ടത്തിൽ 25 ബസുകളാണ് സർവീസ് നടത്തുക. അതിനുശേഷം 25 ബസുകൾ കൂടി നഗരത്തിലെത്തും. ഇതിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കെഎസ്ആർടിസിയും പങ്കാളികളാകുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി രംഗത്ത് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണ്. മുൻകാലങ്ങളിൽ, നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമാണ് വൈദ്യുതി ലഭ്യമായിരുന്നത്. എന്നാൽ പതുക്കെപ്പതുക്കെ, ഗ്രാമങ്ങളിൽ പോലും വൈദ്യുതി എത്തിത്തുടങ്ങി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിൽ കേരളം മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. വൈദ്യുതി എത്താത്ത മറ്റ് ചില മേഖലകളുണ്ടെന്നും അവ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047’ വൈദ്യുതി മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഊർജ്ജ ശാക്തീകരണ മന്ത്രാലയമാണ് സംഘടിപ്പിച്ചത്. ഊർജ്ജ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈവരിച്ച നേട്ടങ്ങളുടെ പൊതു അവതരണത്തിന്‍റെ ഭാഗമായാണ് പരിപാടി.

Related Posts