വൈദ്യുത വാഹനങ്ങള്‍ക്ക് പവറേകുന്ന ഇലക്ട്രിക് വാഹനനയം
ന്യൂഡൽഹി: ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഡൽഹിയിൽ ശക്തമായ ചാർജിംഗ് സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഓരോ 15 വാഹനങ്ങൾക്കും ഒരു ചാർജിംഗ് പോയിന്‍റ് എന്ന നിരക്കിൽ പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കും. നിലവിൽ, ഡൽഹിയിൽ രജിസ്റ്റർ ചെയ്ത 1.6 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾക്കായി 2,000 ലധികം പബ്ലിക് ചാർജിംഗ് സംവിധാനമുണ്ട്. ഈ വർഷം അവസാനത്തോടെ ചാർജറുകളുടെ എണ്ണം 4,000 ആയി ഉയർത്തും. ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ബസുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ മൊത്തം ഇ-വാഹനങ്ങളുടെ എണ്ണം 1.8 ലക്ഷം കടക്കുമെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ പോളിസി ആരംഭിച്ചപ്പോൾ, മൂന്ന് കിലോമീറ്ററിനുള്ളിൽ ഒരു ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അത് സഫലമായ സാഹചര്യത്തിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതി ആരംഭിക്കുന്നത്. തലസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന ഓരോ 15 വൈദ്യുത വാഹനങ്ങള്‍ക്കും ഒരു ചാര്‍ജര്‍ എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഡയലോഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിഷന്‍ (ഡി.ഡി.സി) വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. ഏകദേശം 90 ശതമാനം ആളുകളും വീട്ടിലോ ഓഫീസുകളിലോ ഇ-വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നു. എന്നിരുന്നാലും, പുതിയ ഇവി വാങ്ങുന്നവർക്ക് പിന്തുണ നൽകുന്നതിന് പൊതുസ്ഥലങ്ങളിൽ ശക്തമായ ചാർജിംഗ് സംവിധാനം ഏർപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഷാ പറഞ്ഞു.