സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 4 മാസത്തേക്ക് യൂണിറ്റിന് 9 പൈസ അധികം ഈടാക്കും
തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള 4 മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ അധിക ചാർജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇന്ധന സർചാർജ് ആയാണിത്. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനവില വർദ്ധനവ് മൂലമുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപ ഈടാക്കാനാണ് ബോർഡ് അനുമതി തേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷവും സർചാർജ് അപേക്ഷകളിൽ കമ്മീഷൻതീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ യൂണിറ്റിന് 25 പൈസയോളം വർദ്ധിപ്പിച്ചിരുന്നു. ഈ ഉത്തരവിനൊപ്പം, മുൻ കാലയളവുകളിൽ ഇന്ധന സർചാർജ് ഈടാക്കാൻ ബോർഡ് നൽകിയ അപേക്ഷകൾ കമ്മീഷൻ നിരസിച്ചു. 2021 ഒക്ടോബർ മുതൽ ഡിസംബർ വരെ 18.10 കോടി രൂപയാണ് അധികച്ചെലവ്. 2022 ജനുവരി മുതൽ മാർച്ച് വരെ 16.05 കോടിയും.