മാസംതോറും വൈദ്യുതിനിരക്ക് വര്‍ധിക്കും; നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ
തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രതിമാസ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരളത്തിന്‍റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. കേന്ദ്ര വൈദ്യുതി നിയമത്തിലെ ഈ ഭേദഗതി കേരളം നടപ്പാക്കേണ്ടിവരും. ഇത് നടപ്പിലാകുന്നതോടെ വിപണിയിലെ സാഹചര്യം അനുസരിച്ച് പ്രതിമാസം നിരക്ക് മാറ്റാനും കെ.എസ്.ഇ.ബിക്ക് കഴിയും. ഡിസംബർ 29ന് ഊർജ മന്ത്രാലയം ഭേദഗതിക്ക് അന്തിമരൂപം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ ചർച്ചകൾക്ക് തുടക്കമിട്ടിട്ടില്ല. വ്യാഴാഴ്ച വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയേക്കും. സംസ്ഥാനത്തിന് ഭേദഗതിയിൽ നിന്ന് മാറിനിൽക്കാൻ കഴിയുമോ എന്ന കാര്യത്തിലും നിയമോപദേശം തേടിയേക്കും. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ ലാഭം ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇപ്പോൾ വിതരണ കമ്പനികൾ വൈദ്യുതി വാങ്ങുമ്പോൾ, വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ഇന്ധന വില വർദ്ധനവ് മൂലം ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ കഴിയും. ഇത് ഇന്ധന സർചാർജാണ്. ഇതിനായി മൂന്ന് മാസത്തിലൊരിക്കൽ സംസ്ഥാന റെഗുലേറ്ററി കമ്മീഷനെ സമീപിക്കണം. ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത ശേഷം, ഉപഭോക്താവിൽ നിന്ന് അധിക ചെലവുകൾ ഈടാക്കാൻ കമ്മിഷൻ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യും. കേരളത്തിൽ സർചാർജ് ഏർപ്പെടുത്തുന്ന കാര്യത്തിൽ കുറച്ചുകാലമായി കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല.