ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു. കമ്പനി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്റർ അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് എലോൺ മസ്കിന്‍റെ ആരോപണങ്ങൾ. ജൂലൈ 30ന് സമർപ്പിച്ച എലോൺ മസ്കിന്‍റെ വാദങ്ങൾ ഓഗസ്റ്റ് നാലിന് പുറത്തുവരും. 23.8 കോടി പരസ്യ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളതെന്നാണ് കമ്പനിയുടെ വാദം. എന്നാൽ വാസ്തവത്തിൽ, ഈ സംഖ്യയിൽ 6.5 കോടിയുടെ കുറവുണ്ടെന്ന് ഡെലവേര്‍ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. തട്ടിപ്പ് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റർ തങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വാതിലുകൾ അടച്ചിടുകയാണ് ചെയ്തതെന്നും മസ്ക് ആരോപിച്ചു.