സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇൻ്റർനെറ്റ് ഇന്ത്യയിൽ എത്തിക്കാൻ എലോൺ മസ്കും ജെഫ് ബെസോസും
ഇന്ത്യയിലെ ഹൈസ്പീഡ് ബ്രോഡ്ബാൻഡ്, ഇൻ്റർനെറ്റ് മേഖലകളിൽ പ്രവേശിക്കാനൊരുങ്ങി ലോകത്തെ ശതകോടീശ്വരൻമാർ. സ്പേസ് എക്സിൻ്റെ എലോൺ മസ്കും ആമസോണിൻ്റെ ജെഫ് ബെസോസുമാണ് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇൻ്റർനെറ്റ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. സുനിൽ മിത്തലിൻ്റെ ഭാരതി എയർടെലിനും മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്കും കനത്ത വെല്ലുവിളിയാവും ഇവർ ഉയർത്തുന്നതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
ആമസോണും എലോൺ മസ്കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കും ഇതു സംബന്ധിച്ച ചർച്ചകൾ ടെലികോം മന്ത്രാലയവുമായും ബഹിരാകാശ വകുപ്പുമായും നടത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക രീതിയിൽ ലൈസൻസ് നേടാനുള്ള നടപടി ക്രമങ്ങളിലേക്ക് ഇരുകമ്പനികളും പ്രവേശിച്ചിട്ടില്ല.
2022 ഓടെ രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇൻ്റർനെറ്റ് സംവിധാനം പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിലാണ് സുനിൽ മിത്തൽ. മിത്തലിൻ്റെ ഭാരതി ഗ്ലോബലിന് ഓഹരി പങ്കാളിത്തമുള്ള വൺ വെബ് ഇതിനുള്ള നാഷണൽ ലോങ്ങ് ഡിസ്റ്റൻസ് (എൻ എൽ ഡി) ലൈസൻസ് ടെലികോം വകുപ്പിൽ നിന്ന് നേടിക്കഴിഞ്ഞു. ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടെയുള്ള വമ്പൻമാർക്ക് ഓഹരി പങ്കാളിത്തമുള്ള വൺ വെബ് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇൻ്റർനെറ്റ് പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്.
ഭൂമിയിൽനിന്നും ഏതാണ്ട് ആയിരം കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്) സ്ഥാപിക്കുന്ന ഉപഗ്രഹങ്ങൾ വഴിയാണ് അതിവേഗ ഇൻ്റർനെറ്റ് പദ്ധതി നടപ്പിലാക്കുന്നത്. അതുവഴി ഇപ്പോഴുള്ളതിൻ്റെ പത്തിരട്ടി വേഗത്തിൽ ഡാറ്റ ലഭ്യമാകും. സെക്കൻ്റിൽ ഒരു ജിബിയോ അതിൽ കൂടുതലോ വേഗതയാണ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്. ബിസ്നസ് സംരംഭങ്ങൾ, റെയിൽവേ, ഷിപ്പിങ്ങ് കമ്പനികൾ, വിമാന കമ്പനികൾ, ടെലികോം കമ്പനികൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങി വൻകിട സംരംഭങ്ങൾക്കാണ് ബ്രോഡ്ബാൻഡ് വിൽക്കുന്നത്. ഈ മേഖലയിൽ മുന്നേറുന്ന എയർടെലിനും ജിയോക്കും ഇത് വലിയ തോതിൽ വെല്ലുവിളിയാകും. രാജ്യത്തെ അതിവിദൂര ഗ്രാമീണ മേഖലകൾ, പർവത പ്രദേശങ്ങൾ, മരുഭൂമികൾ, നക്സൽ ഭീഷണി നിലനിൽക്കുന്ന മേഖലകൾ തുടങ്ങി ഫൈബർ അധിഷ്ഠിത ഇൻ്റർനെറ്റ് സംവിധാനം ഫലപ്രദമല്ലാത്ത മേഖലകളിലും ഇതുവഴി അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാകും.