2021-ലെ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം എലോൺ മസ്കിന്

ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ ടൈം മാഗസിൻ അതിന്റെ 2021-ലെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ലയുടെ ആസ്തി ശതകോടികൾ വർധിച്ച് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാർ നിർമാതാക്കളായി മാറിയ വർഷത്തിലാണ് മസ്‌കിനുള്ള ടൈം മാഗസിൻ്റെ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് എലോൺ മസ്ക്.
സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയും കൂടിയായ എലോൺ മസ്‌ക്, ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പായ ന്യൂറലിങ്കിന്റെയും ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ദി ബോറിങ് കമ്പനിയുടെയും മേധാവിയാണ്. ടൈം പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസുമെല്ലാം ഉൾപ്പെട്ട എലൈറ്റ് ക്ലബ്ബിൽ എലോൺ മസ്കും ഇടം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ടൈം മാഗസിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായിരുന്നു.